പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ; രോ​ഗിയുടെ മുറിവ് മൊബൈൽ വെളിച്ചത്തിൽ തുന്നിക്കെട്ടിയതിൽ മന്ത്രി മുരളീധരൻ

പാലോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ രോഗിയുടെ മുറിവ് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ തുന്നിക്കെട്ടിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോടും ആരോഗ്യ സേവന ഡയറക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

പവർകട്ട് ഉണ്ടായാൽ ശസ്ത്രക്രിയയോ സമാന ചികിത്സാ നടപടികളോ നടത്താൻ പാടില്ലെന്നും വൈദ്യുതി ലഭിച്ച ശേഷമേ അത് നടത്താവൂ എന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തനരഹിതമായിരുന്നുവെന്നത് നേരത്തേ തന്നെ ശ്രദ്ധിക്കേണ്ട കാര്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തിൽ പവർകട്ട് ഒഴിവാക്കാനാകാത്തതാണെങ്കിലും അതിന്റെ പേരിൽ ആശുപത്രി സേവനങ്ങൾ തടസ്സപ്പെടാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി മുടങ്ങിയാൽ ജനറേറ്റർ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും ജനറേറ്ററും പ്രവർത്തനരഹിതമായിരുന്നെങ്കിൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പവർകെട്ട് ഉണ്ടെങ്കിൽ സർജറി നടത്തരുത്. പവർകട്ട് അര മണിക്കൂറല്ലേ ഒള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ. പവർകട്ട് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നും , സംഭവത്തിൽ ആരുടെ ഭാഗത്താണ് വീഴ്ച ഉണ്ടായതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുറിവ് വെച്ചുകെട്ടുന്നതിനായി വിതുര സ്വദേശിയായ രോഗി പാലോട് സിഎച്ച്‌സിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ രോഗിക്കൊപ്പമുണ്ടായിരുന്നയാളുടെ മൊബൈൽ ഫോൺ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ആരോഗ്യപ്രവർത്തകർ മുറിവ് തുന്നിക്കെട്ടിയതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

മറുപടി രേഖപ്പെടുത്തുക