നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ന്യൂയോർക്കിന് അധികാരമില്ല; നെതന്യാഹുവിന്റെ അറസ്റ്റ് വാഗ്ദാനം മംദാനി ഉപേക്ഷിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ന്യൂയോർക്ക് നഗരത്തിന് സ്വതന്ത്രമായി നടപ്പാക്കാൻ നിയമപരമായ അധികാരമില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി വ്യക്തമാക്കി. നിയമപരമായ അവലോകനത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് മംദാനിയുടെ പ്രതികരണം. നഗര ഭരണകൂടം ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിച്ചെങ്കിലും ഐസിസി വാറണ്ട് നടപ്പാക്കാനുള്ള അധികാരം നഗരത്തിനില്ലെന്നാണ് കണ്ടെത്തിയതെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

അതേസമയം, നെതന്യാഹുവിനെതിരെ വിമർശനം തുടരുകയും ചെയ്തു. ഐസിസി ചുമത്തിയ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, മറ്റെല്ലാ പ്രതികളെയും പോലെ അദ്ദേഹവും നിയമനടപടികൾ നേരിടണമെന്നും മംദാനി അഭിപ്രായപ്പെട്ടു. നെതന്യാഹുവിനെ ന്യൂയോർക്ക് നഗരത്തിൽ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുവശത്ത്, അമേരിക്കയിൽ കഴിയുന്ന സമയത്ത് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്ക ഐസിസിയിലെ അംഗരാജ്യമല്ലെന്നും അതിന്റെ നടപടികളോട് യോജിപ്പില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.

ഇതിനിടെ, നെതന്യാഹുവിന്റെ ഓഫീസ് ആരോപണങ്ങൾ തള്ളി. ഐസിസിക്ക് അമേരിക്കക്കാരുടെയോ ഇസ്രായേൽ പൗരന്മാരുടെയോ മേൽ അധികാരപരിധിയില്ലെന്നും, കോടതി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്നുമാണ് അവരുടെ പ്രതികരണം.

നെതന്യാഹുവിനെതിരായ ഐസിസി അറസ്റ്റ് വാറണ്ടും അതുമായി ബന്ധപ്പെട്ട അമേരിക്കൻ രാഷ്ട്രീയ പ്രതികരണങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നതിനിടെയാണ് മംദാനിയുടെ പുതിയ പ്രസ്താവന.

മറുപടി രേഖപ്പെടുത്തുക