തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ ബിജെപി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം രൂപ എത്തിച്ചതായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ് ആരോപിച്ചു. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നതെന്നും തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ ഒരു കോടി രൂപ പ്രത്യേകം എത്തിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയായിരുന്നു ഈ സാമ്പത്തിക ഇടപാടുകളെന്നും, പണം ഓഫീസിൽവെച്ച് തന്നെ വിതരണം ചെയ്തതായും അക്ഷയ് ആരോപിച്ചു. സംഘടനാ സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ്, മുരളി എന്നിവർ ചേർന്നാണ് പണം കൈകാര്യം ചെയ്തതെന്നും ഇതിനായി പ്രത്യേകമായി ഒരു വീട് വാടകയ്ക്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിവരം തൃശൂർ സിറ്റി പ്രസിഡന്റിനെ അറിയിച്ചതിന് പിന്നാലെയാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നീട് പാർട്ടിയിൽനിന്നും പുറത്താക്കിയതെന്നാണ് അക്ഷയുടെ ആരോപണം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിന്നിൽ പാർട്ടി നേതാക്കളുടെ അറിവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് പണം തൃശൂർ ജില്ലാ ഓഫീസിലെത്തിയതെന്നും, ഓഫീസിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്യാൻ നിർദേശം നൽകിയിരുന്നുവെന്നും അക്ഷയ് ആരോപിച്ചു.
അതേസമയം, പി. അക്ഷയുടെ ആരോപണങ്ങൾ ബിജെപി തൃശൂർ ജില്ലാ നേതൃത്വം തള്ളി. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് അക്ഷയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നേതൃത്വം പ്രതികരിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉയർന്ന കൊടകര കുഴൽപ്പണക്കേസിന് പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന മറ്റൊരു ആരോപണമായാണ് ഈ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. എന്നാൽ ആരോപണങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ച് ഔദ്യോഗിക അന്വേഷണങ്ങളോ സ്ഥിരീകരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.
