ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്ന് എഡിജിപിയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു. കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി സംഘത്തിലെ അംഗങ്ങളെ സംരക്ഷിക്കാൻ ക്രമവിരുദ്ധമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേസ് ഡയറിയിലെ രേഖകളിൽ മാറ്റം വരുത്താൻ കീഴുദ്യോഗസ്ഥരോട് നിർദേശം നൽകിയെന്നും, അന്വേഷണത്തിന്റെ ഗതി സ്വാധീനിക്കാൻ ശ്രമിച്ചെന്നും എസ്ഐടിയുടെ അന്തിമ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഫോൺ സംഭാഷണങ്ങൾ, സാക്ഷിമൊഴികൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളിലേക്ക് അന്വേഷണസംഘം എത്തിയത്.
കേസുമായി ബന്ധപ്പെട്ട് ആദ്യം സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നില്ല. എന്നാൽ പിന്നീട് ഉന്നതതല ഇടപെടലുകൾ സംബന്ധിച്ച കൂടുതൽ വ്യക്തത തേടി സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയതിനെ തുടർന്ന് എസ്ഐടി വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി അജിത് കുമാറിനോട് രേഖാമൂലം വിശദീകരണം തേടി. ആരോപണവിധേയമായ കാലയളവിൽ താൻ മുണ്ടക്കൈ–ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട്ടിലായിരുന്നുവെന്നാണ് അജിത് കുമാർ മറുപടിയിൽ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട യാത്രാരേഖകളും അദ്ദേഹം സമർപ്പിച്ചിരുന്നു.
അതേസമയം, കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ ഓഫീസിലെ ഗ്രേഡ് എസ്‌ഐമാർക്ക് നിർദേശം നൽകിയെന്ന ആരോപണവും അജിത് കുമാർ നിഷേധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണവും എസ്ഐടിയുടെ കണ്ടെത്തലുകളും പരിശോധിച്ച ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
ഈ നടപടി അജിത് കുമാറിന്റെ സർവീസ് ജീവിതത്തിലും നിർണായക തിരിച്ചടിയായിരിക്കുകയാണ്. ഭാവിയിൽ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യതകൾ പരിഗണിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. എന്നാൽ പുതിയ സംഭവവികാസങ്ങളോടെ ആ സാധ്യതകൾക്കും വലിയ തിരിച്ചടിയുണ്ടായതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി ഭരണ-രാഷ്ട്രീയ തലങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
