സിജെപി പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിന് എൻഎസ്എ അധികാരങ്ങൾ; വിവാദം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം ഡൽഹി പോലീസ് കമ്മീഷണർക്ക് പ്രത്യേക അധികാരങ്ങൾ നൽകിയ ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

എന്നാൽ, പ്രതിഷേധങ്ങളെ ലക്ഷ്യമിട്ടല്ല ഈ നടപടി സ്വീകരിച്ചതെന്നും, മൂന്ന് മാസത്തിലൊരിക്കൽ നടക്കുന്ന പതിവ് ഭരണപരമായ പുതുക്കൽ നടപടിയുടെ ഭാഗം മാത്രമാണിതെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.

ലെഫ്റ്റനന്റ് ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം, 2026 ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെ ദേശീയ സുരക്ഷാ നിയമം-1980 അനുസരിച്ച് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരം ഡൽഹി പോലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

ഈ തീരുമാനത്തെ തുടർന്ന് വിവിധ മാധ്യമങ്ങളിൽ പ്രതിഷേധങ്ങളുമായി ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവന്നിരുന്നു. സിജെപി പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിനായാണ് അധികാരം നൽകിയതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചതോടെയാണ് ഡൽഹി പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പ്രത്യേകമായി എൻഎസ്എ അധികാരങ്ങൾ നൽകിയെന്ന പ്രചാരണത്തിൽ യാതൊരു വസ്തുതയുമില്ലെന്ന് ഡൽഹി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

“ജൂലൈ 19 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിലേക്കുള്ള അധികാര പുതുക്കലിനായുള്ള ഉത്തരവ് ജൂലൈ 7-ന് തന്നെ പുറപ്പെടുവിച്ചിരുന്നു. സിജെപി പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് മുമ്പ് തന്നെ നടപടിക്രമങ്ങൾ പൂർത്തിയായതാണ്. നിലവിലെ പ്രതിഷേധ സാഹചര്യവുമായി ബന്ധപ്പെട്ട് പ്രത്യേക അഭ്യർത്ഥനകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല,” ഡൽഹി പോലീസ് വ്യക്തമാക്കി.

മാധ്യമങ്ങൾ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം എന്ന ആവശ്യം ഉയർത്തിയാണ് വിദ്യാർത്ഥികളും യുവാക്കളും സമര രംഗത്തുള്ളത്.

സോഷ്യൽ മീഡിയയിൽ ബോസ്റ്റൺ സർവകലാശാല ബിരുദധാരിയായ അഭിജീത് ദീപ്കെ ആരംഭിച്ച ‘കോക്രോച്ച് ജനതാ പാർട്ടി’ പ്രചാരണം പിന്നീട് രാജ്യവ്യാപക വിദ്യാർത്ഥി-യുവജന പ്രസ്ഥാനമായി വളർന്നതായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക