രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവിലെ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടിയായി പരിഹാരങ്ങൾ നൽകുന്നതിനുപകരം അവർക്ക് ബാരിക്കേഡുകളും ബാറ്റണുകളും നേരിടേണ്ടി വരുന്ന സാഹചര്യം ഒരു രാജ്യത്തിന്റെ പരാജയത്തിന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുൻ ട്വിറ്റർ) പങ്കുവച്ച കുറിപ്പിലൂടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്. കുട്ടികളുടെ ശബ്ദം കേൾക്കേണ്ട സമയത്ത് സമൂഹവും ഭരണകൂടവും മൗനം പാലിച്ചുവെന്നും, പല കുട്ടികളുടെയും ജീവിതം നഷ്ടപ്പെട്ട ശേഷമാണ് പ്രശ്നങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.
പഠനത്തിന് പകരം പരിശീലനവും, ജിജ്ഞാസയ്ക്ക് പകരം ഉത്കണ്ഠയും, യോഗ്യതയ്ക്ക് പകരം ക്രമക്കേടുകളും പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനം തകർച്ചയിലാണെന്ന് കമൽ ഹാസൻ പറഞ്ഞു. വിദ്യാർത്ഥികൾ ഉത്തരങ്ങൾ തേടുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്നത് ബാരിക്കേഡുകളും ലാത്തിച്ചാർജുമാണെങ്കിൽ അത് ജനാധിപത്യ സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഡാക്കിന്റെ അവകാശങ്ങൾക്കും വിദ്യാർത്ഥി വിഷയങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനോടും കമൽ ഹാസൻ അഭ്യർഥന നടത്തി. രാജ്യത്തിന് ഇപ്പോഴും അദ്ദേഹത്തിന്റെ മനസ്സാക്ഷിയും നേതൃത്വവും ആവശ്യമാണെന്നും അതിനാൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ കുട്ടികൾ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നും ഇനി അവരുടെ സ്വപ്നങ്ങളും ഭാവിയും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും കമൽ ഹാസൻ പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ചകൾ ഒരിക്കലും കുട്ടികളുടെ സ്വപ്നങ്ങളെ തകർക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ കുട്ടികളാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ. അവരുടെ സ്വപ്നങ്ങൾ നമ്മുടെ പരാജയങ്ങളേക്കാൾ വലുതായിരിക്കണം” എന്ന സന്ദേശത്തോടെയാണ് കമൽ ഹാസൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടും വിദ്യാർത്ഥി പ്രതിഷേധങ്ങളും രാജ്യവ്യാപക ചർച്ചയാകുന്നതിനിടെയാണ് കമൽ ഹാസന്റെ പ്രതികരണം പുറത്തുവന്നത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
