പാക് അധീന കശ്മീരിൽ രാഷ്ട്രീയ-സാമൂഹിക അതൃപ്തി വീണ്ടും ശക്തമാകുന്നതിനിടെ, സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് ആരംഭിച്ചു. പാകിസ്ഥാൻ അധികൃതരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം.
മിർപൂർ ഡിവിഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലികൾ റാവൽകോട്ടിൽ സംഗമിച്ച ശേഷം മുസാഫറാബാദിലേക്ക് നീങ്ങി. മാർച്ച് തടയാൻ പാകിസ്ഥാൻ സർക്കാർ റേഞ്ചേഴ്സ്, ഫ്രോണ്ടിയർ കോൺസ്റ്റാബുലറി (എഫ്സി), പഞ്ചാബ് കോൺസ്റ്റാബുലറി (പിസി) എന്നിവയുടെ അധിക സേനയെ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ബലപ്രയോഗം നടത്തരുതെന്ന് യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി (യുകെപിഎൻപി) പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജൂൺ 5 മുതൽ തുടരുന്ന അശാന്തിയിൽ 40-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും, മരണങ്ങളും പരിക്കുകളും സംബന്ധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ബ്രിട്ടൺ, റഷ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും യുകെപിഎൻപി ആവശ്യപ്പെട്ടു. സംഭവവികാസങ്ങൾ സ്വതന്ത്രമായി നിരീക്ഷിക്കാനും മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അന്താരാഷ്ട്ര മാധ്യമങ്ങളോടും മനുഷ്യാവകാശ സംഘടനകളോടും അവർ അഭ്യർഥിച്ചു.
വൈദ്യുതി നിരക്ക് കുറയ്ക്കുക, മംഗ്ല ജലവൈദ്യുത പദ്ധതിയിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക, അവശ്യവസ്തുക്കൾക്ക് സബ്സിഡി നൽകുക, അധിക നികുതികൾ പിൻവലിക്കുക, തദ്ദേശവാസികൾക്ക് കൂടുതൽ ഭരണ-രാഷ്ട്രീയ അധികാരങ്ങൾ അനുവദിക്കുക, അഴിമതിക്കെതിരെ നടപടി സ്വീകരിക്കുക, അറസ്റ്റിലായ പ്രതിഷേധക്കാരെ മോചിപ്പിക്കുക തുടങ്ങിയ 38 ആവശ്യങ്ങളാണ് ജെഎഎസി മുന്നോട്ടുവച്ചിരിക്കുന്നത്.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് പാകിസ്ഥാൻ സർക്കാരുമായി പലതവണ ചർച്ച നടത്തിയെങ്കിലും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെയാണ് ജനകീയ സമ്മർദം വർധിപ്പിക്കുന്നതിനായി ലോംഗ് മാർച്ചിന് ആഹ്വാനം ചെയ്തതെന്ന് ജെഎഎസി നേതൃത്വം വ്യക്തമാക്കി.
പാക് അധീന കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധവും സർക്കാരിന്റെ പ്രതികരണവും അടുത്ത ദിവസങ്ങളിൽ നിർണായക വഴിത്തിരിവിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
