ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനായി മ്യാൻമർ സർക്കാർ കർശന നിയമനടപടികളുമായി രംഗത്തെത്തി. ആളുകളെ ബലമായി തടവിലാക്കി ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമത്തിന് മ്യാൻമർ പാർലമെന്റ് അംഗീകാരം നൽകി.
തലസ്ഥാനമായ നയ്പിഡാവിൽ നടന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലാണ് ‘ആന്റി-ഓൺലൈൻ സ്കാം ബിൽ’ പാസാക്കിയത്. സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ ശൃംഖലകളെ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
പുതിയ നിയമപ്രകാരം, ജോലി വാഗ്ദാനം ചെയ്ത് ആളുകളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ഓൺലൈൻ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നവർക്ക് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും. ഇത്തരം പ്രവർത്തനങ്ങൾക്കിടെ ഇരകളിൽ ആരെങ്കിലും മരിച്ചാൽ പ്രതികൾക്ക് വധശിക്ഷ നൽകാനും നിയമം അനുവദിക്കുന്നു.
തട്ടിപ്പ് കേന്ദ്രങ്ങൾ നടത്തിപ്പുകാരെയും ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ, ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ എന്നിവയിൽ ഏർപ്പെടുന്നവരെയും കർശനമായി ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി ജീവപര്യന്തം തടവ് ലഭിക്കാവുന്ന രീതിയിലാണ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മ്യാൻമറിലെ ആഭ്യന്തര അസ്ഥിരതയും സംഘർഷാവസ്ഥയും മുതലെടുത്താണ് കഴിഞ്ഞ വർഷങ്ങളിൽ സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾ വ്യാപകമായി വളർന്നത്. തെക്കുകിഴക്കൻ ഏഷ്യയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ ശൃംഖലകൾ നിക്ഷേപ വാഗ്ദാനങ്ങൾ, ഹണി ട്രാപ്പുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആളുകളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്.
ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങൾ നൽകി വിദേശികളെയും യുവാക്കളെയും മ്യാൻമറിലേക്ക് എത്തിച്ച ശേഷം ബന്ദികളാക്കി സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. സമീപകാലത്ത് ഇന്ത്യയിലെ തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ സംഭവങ്ങൾ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന നിലയിൽ സൈനിക പിന്തുണയുള്ള മ്യാൻമർ സർക്കാർ പുതിയ നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന ഈ നിയമം സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
