സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ മുന്നറിയിപ്പ് നൽകി. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ ഉടൻ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം വീണ്ടും രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പ്രതിഷേധക്കാർക്കെതിരായ കേസുകളിൽ തുടർനടപടികൾ സ്വീകരിക്കാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാനാകാത്തതുമാണെന്നും സംഘടന ആരോപിച്ചു.
കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന് വിരുദ്ധമായാണ് കോടതി നടപടിയുണ്ടായതെന്ന് സിജെപി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിൽ വാദം നടക്കുമ്പോൾ ഇടക്കാല ഉത്തരവിനെ എതിർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും സംഘടന വിമർശിച്ചു.
സമാധാനപരമായി പ്രതിഷേധിച്ചവരെ ലക്ഷ്യമിടാൻ സർക്കാർ കോടതികളെ ഉപയോഗിക്കുകയാണെന്ന ആരോപണവും സിജെപി ഉന്നയിച്ചു. കോടതി ഉത്തരവിന്റെ മറവിൽ സർക്കാർ നേരത്തെ നൽകിയ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി. പ്രതിഷേധ കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ നൽകിയ ഉറപ്പുകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി സുതാര്യത ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
