താൻ ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ പള്ളിയിൽ നിന്നുള്ള തന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.
പിന്നാമ്പുറ കഥകൾ മെനഞ്ഞ് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണ് ഇതിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അവിടുത്തെ ആചാരങ്ങൾ പാലിച്ചാണ് പെരുമാറുന്നതെന്നും, ഏത് പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കാറുള്ളതെന്നും അവർ പറഞ്ഞു.
ഉറക്കമൊഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മദിന ചടങ്ങിൽ പങ്കെടുത്തതെന്നും, “അഭിനയ സാമ്രാട്ട്” എന്ന് അവഹേളിക്കുന്നവർക്ക് അതിൽ സന്തോഷം കണ്ടെത്താമെന്നും മന്ത്രി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സൈബർ ആക്രമണം തുടരുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
