സോവിയറ്റ് കാലത്ത് അപ്രത്യക്ഷമായ ക്രിക്കറ്റ് തിരിച്ചുവരുന്നു; റഷ്യയിൽ ടി10 ലീഗ്

ഫുട്ബോൾ, ഐസ് ഹോക്കി, ചെസ് തുടങ്ങിയ കായിക ഇനങ്ങൾക്ക് പേരുകേട്ട റഷ്യയിൽ ക്രിക്കറ്റിന് പുതിയ ഉണർവ്. രാജ്യത്ത് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കുകയും ആഭ്യന്തര തലത്തിൽ ശക്തമായ ഘടന സൃഷ്ടിക്കുകയും ലക്ഷ്യമിട്ട് ‘റഷ്യൻ ടി10 ലീഗ്’ ആരംഭിച്ചു. റഷ്യൻ ക്രിക്കറ്റ് ഫെഡറേഷനായ ‘ക്രിക്കറ്റ് റഷ്യ’യുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 19, 20 തീയതികളിലായി മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. നാല് ടീമുകളാണ് രണ്ട് ദിവസത്തെ ടൂർണമെന്റിൽ കിരീടത്തിനായി പോരാടുന്നത്. മോസ്കോ ഫോക്‌സസ്, ക്രെംലിൻ സ്റ്റാർസ്, കസാൻ ഫാൽക്കൺസ്, സെന്റ് പീറ്റേഴ്‌സ്ബർഗ് ലയൺസ് എന്നിവയാണ് ടീമുകൾ.

ആകെ ഏഴ് മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. ആദ്യ ഘട്ടത്തിൽ ഓരോ ടീമുകളും മത്സരിക്കും. തുടർന്ന് പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.

റഷ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ സംഭവ് ജെയിന്റെ വാക്കുകളിൽ, ടി10 ലീഗ് ഒരു സാധാരണ കായികമത്സരത്തിനപ്പുറം രാജ്യത്ത് ക്രിക്കറ്റിന്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ്.

പുതിയ കളിക്കാരെയും കാണികളെയും ക്രിക്കറ്റിലേക്ക് ആകർഷിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായികരംഗത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ടീമുകളിലായി 60 കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

റഷ്യയിൽ ആദ്യമായി ക്രിക്കറ്റിനായി കൂടുതൽ ക്രമബദ്ധമായ ആഭ്യന്തര മത്സര കലണ്ടർ ഒരുക്കുന്നതിലും ടി10 ലീഗ് നിർണായക ചുവടുവെപ്പാണ്. പ്രാദേശിക റഷ്യൻ താരങ്ങൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ദക്ഷിണേഷ്യൻ താരങ്ങളും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

വേഗതയേറിയ ടി10 ഫോർമാറ്റിലൂടെ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാനാണ് സംഘാടകരുടെ ശ്രമം. ആഭ്യന്തര തലത്തിലെ പ്രതിഭകളെ കണ്ടെത്തി അവരെ ഭാവിയിൽ ദേശീയ ടീമിലേക്ക് വളർത്തിയെടുക്കുക എന്നതും ലീഗിന്റെ പ്രധാന ലക്ഷ്യമാണ്.

ദേശീയ ടീമിനായി അടിത്തറ

റഷ്യയിൽ ശക്തമായ ആഭ്യന്തര ലീഗ് സ്ഥാപിക്കുക, പ്രധാന നഗരങ്ങളിൽ ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, അന്താരാഷ്ട്ര മത്സരങ്ങൾക്ക് യോഗ്യമായ ദേശീയ ടീമിനെ വളർത്തിയെടുക്കുക തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങളാണ് ‘റഷ്യ ക്രിക്കറ്റ് വികസന സംരംഭ’ത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആഭ്യന്തര ക്രിക്കറ്റ് ഘടന ശക്തിപ്പെടുത്തുന്നത് റഷ്യയ്ക്ക് പ്രധാനപ്പെട്ട അവസരമാണെന്ന് സംഭവ് ജെയിൻ പറഞ്ഞു. നഗരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസി മാതൃകയിലുള്ള മത്സരങ്ങൾ റഷ്യൻ ക്രിക്കറ്റിന് കൂടുതൽ വ്യക്തമായ വികസനപാത നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യയിൽ ക്രിക്കറ്റ് പുതുമയല്ല

റഷ്യയിൽ ക്രിക്കറ്റ് ഇപ്പോഴാണ് ആരംഭിക്കുന്നതെന്ന ധാരണയുണ്ടെങ്കിലും രാജ്യത്തിന് ഈ കായിക ഇനവുമായി ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ബന്ധമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ താമസിച്ചിരുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരും വ്യാപാരികളുമാണ് റഷ്യയിൽ ക്രിക്കറ്റിന് തുടക്കമിട്ടത്. 1895ഓടെ നഗരത്തിൽ നാല് ക്രിക്കറ്റ് ക്ലബ്ബുകളും രൂപീകരിച്ചിരുന്നു.

എന്നാൽ 1917ലെ റഷ്യൻ വിപ്ലവത്തിന് ശേഷം ക്രിക്കറ്റിന്റെ വളർച്ച നിലച്ചു. സോവിയറ്റ് കാലഘട്ടത്തിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. തുടർന്ന് ബ്രിട്ടീഷ് സമൂഹം റഷ്യയിൽനിന്ന് പിന്മാറിയതോടെ കായിക ഇനം ഏതാണ്ട് അപ്രത്യക്ഷമായി.

വർഷങ്ങൾക്കുശേഷം 1995ഓടെയാണ് ഇന്ത്യ, പാകിസ്ഥാൻ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ റഷ്യയിൽ വീണ്ടും സൗഹൃദ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് 2004ൽ ‘ക്രിക്കറ്റ് റഷ്യ’ എന്ന ഔദ്യോഗിക സംഘടന രൂപീകരിച്ചു. 2012ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അസോസിയേറ്റ് അംഗത്വവും ലഭിച്ചു. എന്നാൽ നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് 2022ൽ ഐസിസി അംഗത്വം റദ്ദാക്കി.

നിലവിൽ റഷ്യൻ താരങ്ങൾക്കൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും വിദ്യാർഥികളും ക്ലബ്, ആഭ്യന്തര മത്സരങ്ങളിൽ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് റഷ്യൻ ടി10 ലീഗ് രാജ്യത്തെ ക്രിക്കറ്റിന്റെ പുതിയ തിരിച്ചുവരവിന്റെ പ്രതീക്ഷയായി മാറുന്നത്.

മറുപടി രേഖപ്പെടുത്തുക