ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി പരസ്യമായി സ്ഥിരീകരിച്ച് അമേരിക്ക. ഭ്രമണപഥത്തിൽ ചില ‘ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ’ നിലവിലുണ്ടെന്ന് യുഎസ് ബഹിരാകാശ സേന വ്യക്തമാക്കി. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കയെയും സഖ്യരാജ്യങ്ങളെയും സംരക്ഷിക്കുകയാണ് ഇവയുടെ ലക്ഷ്യമെന്നാണ് സേനയുടെ വിശദീകരണം.
എന്നാൽ ഭ്രമണപഥത്തിൽ എത്ര ആയുധങ്ങളാണ് വിന്യസിച്ചിട്ടുള്ളത്, അവ എവിടെയാണ് സ്ഥിതിചെയ്യുന്നത്, ഏത് തരത്തിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയിൻകും ബഹിരാകാശത്ത് ഇത്തരം ആയുധ സംവിധാനങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിനുള്ള യുഎസ് സായുധസേനയുടെ ശേഷി കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് ട്രോയ് മെയിൻകു പറഞ്ഞു. ഭ്രമണപഥത്തിലെ ശത്രുസാന്നിധ്യങ്ങളെയും പ്രവർത്തനങ്ങളെയും നേരിടാൻ കഴിയുന്ന ബഹിരാകാശ ആയുധങ്ങൾ നിലവിൽ അമേരിക്കയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംവിധാനങ്ങൾക്ക് ‘കൈനറ്റിക്’, ‘നോൺ-കൈനറ്റിക്’ എന്നീ രീതികളിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ബഹിരാകാശ സേന അറിയിച്ചു. ആവശ്യാനുസരണം പ്രതിരോധ, ആക്രമണ ദൗത്യങ്ങൾക്കായി ഇവ ഉപയോഗിക്കാമെന്നും സേന വ്യക്തമാക്കി. എന്നാൽ ഉപഗ്രഹങ്ങളെ നേരിട്ട് നശിപ്പിക്കാൻ ശേഷിയുള്ള ആയുധങ്ങളാണോ അതോ മറ്റ് തരത്തിലുള്ള ബഹിരാകാശ നിയന്ത്രണ സംവിധാനങ്ങളാണോ ഇവയെന്ന് വ്യക്തമാക്കിയിട്ടില്ല.
ബഹിരാകാശ മേഖലയിലെ ചൈനയുടെയും റഷ്യയുടെയും സൈനിക ശേഷി വർധിക്കുന്നതിനെ അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. സൈനിക ആശയവിനിമയം, നിരീക്ഷണം, നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ ഉപഗ്രഹങ്ങൾ നിർണായകമായതിനാൽ ഭാവിയിലെ സംഘർഷങ്ങളിൽ ബഹിരാകാശ മേഖലയിലെ നിയന്ത്രണം തന്ത്രപ്രധാനമാകുമെന്നാണ് യുഎസിന്റെ വിലയിരുത്തൽ.
ഇതിനിടെയാണ് ഭ്രമണപഥത്തിൽ ആയുധങ്ങളുടെ സാന്നിധ്യമുണ്ടെന്ന് അമേരിക്ക പരസ്യമായി സമ്മതിച്ചിരിക്കുന്നത്. 1967ലെ ബഹിരാകാശ ഉടമ്പടി ബഹിരാകാശത്ത് കൂട്ടനശീകരണ ആയുധങ്ങൾ വിന്യസിക്കുന്നത് നിരോധിക്കുന്നുണ്ടെങ്കിലും എല്ലാ തരത്തിലുള്ള പരമ്പരാഗത സൈനിക ശേഷികളെയും ഉടമ്പടി നിരോധിക്കുന്നില്ല. ഇതോടെ ബഹിരാകാശത്തെ സൈനികവൽക്കരണത്തെക്കുറിച്ചുള്ള ആശങ്കകളും വീണ്ടും ശക്തമാകുകയാണ്.
