രാഹുൽ ഗാന്ധിയുടെ കുടുംബത്തിനും ബാബറി മസ്ജിദിന്റെ അവസ്ഥ’ പരാമർശം; കർണാടക ബിജെപി എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കുടുംബത്തിനെതിരെ വിവാദ പരാമർശം നടത്തിയ കർണാടക ബിജെപി എംഎൽഎ യശ്പാൽ സുവർണയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. 1992ലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ സംഭവത്തെ പരാമർശിച്ചുകൊണ്ട്, കോൺഗ്രസ് ഇതേ രാഷ്ട്രീയം തുടർന്നാൽ രാഹുൽ ഗാന്ധിയുടെ കുടുംബത്തിനും സമാനമായ അവസ്ഥ നേരിടേണ്ടിവരുമെന്നായിരുന്നു എംഎൽഎയുടെ പ്രസ്താവന.

ഉഡുപ്പിയിൽ നടന്ന ബിജെപി പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഉഡുപ്പി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അശോക് കുമാർ കൊടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് എംഎൽഎ നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

സംഭവത്തിൽ കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംഎൽസിയുമായ മഞ്ജുനാഥ് ഭണ്ഡാരി ശക്തമായി പ്രതികരിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധിയിൽ നിന്ന് ഇത്തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷാ വിവാദവും രാജ്യവ്യാപക പ്രതിഷേധങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയിൽ പങ്കെടുത്ത മറ്റ് ബിജെപി നേതാക്കൾ പരാമർശത്തെ അപലപിക്കാത്തതും ആശങ്കാജനകമാണെന്ന് ഭണ്ഡാരി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക