മഴക്കെടുതി നേരിടുന്നതിൽ സർക്കാർ തലത്തിൽ ഗുരുതരമായ ഏകോപനക്കുറവുണ്ടായെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത്. റാന്നിയിൽ ഉണ്ടായത് “സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമാണ്” എന്നും, വ്യാപാരികൾക്ക് ഉണ്ടായ നഷ്ടത്തിന് സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അണക്കെട്ട് തുറക്കുന്നതിന് മുൻപ് മതിയായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ വ്യാപാരികൾക്ക് സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിയുമായിരുന്നുവെന്ന് രാജു എബ്രഹാം പറഞ്ഞു. മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കിവിട്ടതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
2018ലെ പ്രളയത്തിന് ശേഷം എൽഡിഎഫ് സർക്കാർ ദുരിതബാധിതർക്കായി വിവിധ സഹായ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വെള്ളം കയറിയ വീടുകൾക്ക് നഷ്ടപരിഹാരവും വ്യാപാര സ്ഥാപനങ്ങൾക്ക് വായ്പയും സബ്‌സിഡിയും നൽകിയിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ നിലവിലെ സർക്കാരിൽ നിന്ന് സമാനമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നും, നാട്ടുകാരും ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകരുമാണ് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതെന്നും രാജു എബ്രഹാം പറഞ്ഞു. ഭക്ഷ്യവിതരണം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ വരെ ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയുടെ ചുമതലയുള്ള മന്ത്രി യോഗം വിളിച്ചതല്ലാതെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും, ദുരിതബാധിത പ്രദേശങ്ങളിലെ മാലിന്യനീക്ക പ്രവർത്തനങ്ങളും ഇപ്പോൾ സന്നദ്ധ പ്രവർത്തകരാണ് നടത്തുന്നതെന്നും രാജു എബ്രഹാം ആരോപിച്ചു.
