ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി ജനവിധി തേടി വിജയമുറപ്പിച്ചു. ബിജെപി സ്ഥാനാർഥി നീരജ് കുമാർ സിംഗിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്.
പതിറ്റാണ്ടുകളായി ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ബങ്കിപൂരിലെ തോൽവി പാർട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. നഗര മേഖലയിലെ വോട്ടർമാരുടെയും യുവജനങ്ങളുടെയും പിന്തുണ ജൻ സുരാജിന് ലഭിച്ചതും, ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ഉണ്ടായ ചോർച്ചയും ഫലത്തെ സ്വാധീനിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ബിജെപി സംസ്ഥാന അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലാണ് ബങ്കിപൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും തങ്ങളുടെ സീറ്റുകൾ നിലനിർത്തി. ഗുജറാത്തിലെ മഞ്ജൽപൂർ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സതീഷ് പട്ടേൽ വിജയിച്ചപ്പോൾ, മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിൽ കോൺഗ്രസ് വിജയം ആവർത്തിച്ചു. മഞ്ജൽപൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഭിഖാഭായ് റബാരിയെ 30,000-ത്തിലധികം വോട്ടുകൾക്കാണ് സതീഷ് പട്ടേൽ പരാജയപ്പെടുത്തിയത്.
