സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളത്തേക്ക് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമില്ല.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണെങ്കിലും പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല. ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. നഷ്ടപ്പെടുന്ന പഠനദിനങ്ങൾ ഓൺലൈൻ ക്ലാസുകൾ വഴി ക്രമീകരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 4, 5, 6, 10 തീയതികളിൽ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
