എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ ഇനി ഇരുചക്ര ആംബുലൻസുകൾ; പുതിയ ചട്ടക്കൂടുമായി കേന്ദ്രം

ഗ്രാമീണ, മലനിരകളിലുള്ളതും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ അടിയന്തര ആരോഗ്യസേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലൻസുകൾക്ക് പ്രത്യേക നിയന്ത്രണ ചട്ടക്കൂട് നിർദേശിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം . ഇത്തരം വാഹനങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രവർത്തനത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനമാണ് മന്ത്രാലയം പുറത്തിറക്കിയത്.

ഇടുങ്ങിയ റോഡുകളും ദുഷ്കരമായ ഭൂപ്രദേശങ്ങളും കാരണം പരമ്പരാഗത ആംബുലൻസുകൾക്ക് എത്തിച്ചേരാൻ കഴിയാത്ത മേഖലകളിൽ വേഗത്തിൽ വൈദ്യസഹായം എത്തിക്കാൻ ഇരുചക്ര ആംബുലൻസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗ്രാമപ്രദേശങ്ങൾ, കുന്നിൻ മേഖലകൾ, വിദൂര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

നിലവിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം ഇരുചക്ര റോഡ് ആംബുലൻസുകൾക്ക് പ്രത്യേക വിഭാഗമില്ല. ഇതുമൂലം രൂപകൽപ്പന, സുരക്ഷാ മാനദണ്ഡങ്ങൾ, രജിസ്ട്രേഷൻ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത മാർഗനിർദേശങ്ങളുടെ അഭാവമുണ്ടായിരുന്നു. ഈ സാഹചര്യം പരിഹരിക്കുന്നതിനായി AIS-209 (Part 1): 2026 എന്ന പുതിയ ദേശീയ മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

2027 ഒക്ടോബർ 1 മുതൽ നിർമ്മിക്കുന്ന എല്ലാ L2 വിഭാഗത്തിലുള്ള ഇരുചക്ര റോഡ് ആംബുലൻസുകളും പുതിയ മാനദണ്ഡങ്ങൾ പാലിക്കണം. വാഹനങ്ങളിൽ സ്ഥാപിക്കുന്ന അടിയന്തര മുന്നറിയിപ്പ് ലൈറ്റുകൾക്കും നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമായിരിക്കും.

ഇരുചക്ര ആംബുലൻസുകൾ ഏത് മേഖലകളിൽ വിന്യസിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കായിരിക്കും. പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും വിന്യാസം.

ഇത്തരം വാഹനങ്ങളെ ഗതാഗത വാഹനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനുമാണ് മന്ത്രാലയത്തിന്റെ നിർദേശം. അതിനാൽ ഓരോ രണ്ട് വർഷത്തിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നത് നിർബന്ധമാകും. പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ വിദൂര മേഖലകളിലെ അടിയന്തര ആരോഗ്യ സേവനങ്ങൾക്ക് വലിയ പിന്തുണയാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക