എച്ച്ഐവി ചികിത്സയിൽ പുതിയ പ്രതീക്ഷ; ആദ്യ പരീക്ഷണത്തിൽ തന്നെ പുതിയ മരുന്ന് വിജയം

എച്ച്ഐവി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റത്തിന് വഴിയൊരുക്കി പുതിയ മരുന്നായ VH-499. ആദ്യഘട്ട മനുഷ്യ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പ്രതീക്ഷ നൽകുന്ന ഫലങ്ങളാണ് മരുന്ന് കാഴ്ചവെച്ചതെന്ന് ഗവേഷകർ അറിയിച്ചു. HIV-1 വൈറസിന്റെ വ്യാപനം തടയുന്നതിൽ VH-499 ഫലപ്രദമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗവേഷണഫലങ്ങൾ പ്രമുഖ മെഡിക്കൽ ജേണലായ Clinical Infectious Diseases-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എച്ച്ഐവി വൈറസിനെ മൂടുന്ന ‘കാപ്സിഡ്’ എന്ന പ്രോട്ടീനെയാണ് VH-499 ലക്ഷ്യമിടുന്നത്. വൈറസിന്റെ നിലനിൽപ്പിനും ശരീരത്തിനുള്ളിലെ വ്യാപനത്തിനും നിർണായകമായ ഈ പ്രോട്ടീന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിലൂടെ വൈറസിന്റെ വളർച്ച നിയന്ത്രിക്കാനാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

ഫേസ്-2A ക്ലിനിക്കൽ പരീക്ഷണത്തിൽ HIV-1 ബാധിച്ച 23 പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരിൽ 20 പേർക്ക് VH-499 ന്റെ വിവിധ ഡോസുകൾ നൽകിയപ്പോൾ മൂന്ന് പേർക്ക് പ്ലാസിബോ നൽകി. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരിലും വൈറസിന്റെ സാന്നിധ്യം ഉയർന്ന നിലയിലായിരുന്നു.

എന്നാൽ VH-499 സ്വീകരിച്ച എല്ലാ രോഗികളിലും 11-ാം ദിവസത്തോടെ വൈറൽ ലോഡ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ഉയർന്ന ഡോസ് സ്വീകരിച്ചവരിലാണ് ഏറ്റവും മികച്ച ഫലങ്ങൾ രേഖപ്പെടുത്തിയത്. അതേസമയം, പ്ലാസിബോ ലഭിച്ചവരിൽ കാര്യമായ മാറ്റങ്ങളൊന്നും കണ്ടെത്താനായില്ല.

മരുന്നിന്റെ സുരക്ഷിതത്വവും ഗവേഷകർ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ കാലയളവിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ഉപയോഗത്തിലുള്ള ലെനകാപാവിർ (Lenacapavir) എന്ന മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ VH-499 ശരീരത്തിലെ CYP3A4 എൻസൈമുമായി വളരെ കുറവ് ഇടപെടലുകൾ മാത്രമാണ് കാണിക്കുന്നത്. ഒരേസമയം ഒന്നിലധികം മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

എന്നിരുന്നാലും, VH-499 പൊതുജനങ്ങൾക്ക് ലഭ്യമാകാൻ ഇനിയും സമയമെടുക്കും. മരുന്നിന്റെ സുരക്ഷയും ഫലപ്രാപ്തിയും കൂടുതൽ ഉറപ്പാക്കുന്നതിനായി വലിയ തോതിലുള്ള ഫേസ്-3 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ആ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാകുന്ന പക്ഷം, ദീർഘകാല എച്ച്ഐവി ചികിത്സയിൽ പുതിയതും ഫലപ്രദവുമായ ഒരു ബദലായി VH-499 മാറാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

എച്ച്ഐവിക്കെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ, VH-499 പോലുള്ള പുതിയ ചികിത്സാ മാർഗങ്ങൾ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക