കോഴിക്കോട് പ്രഖ്യാപിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് പദ്ധതി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തുതന്നെ ആരംഭിച്ചതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. 2022-23 കാലഘട്ടത്തിൽ പദ്ധതിക്ക് രൂപം നൽകുകയും ചേവായൂരിൽ സ്ഥലം കണ്ടെത്തുകയും കിഫ്ബി വഴി ഏകദേശം 643 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു.
2026 ഫെബ്രുവരി 7ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചതായും വീണാ ജോർജ് വ്യക്തമാക്കി. 30 മാസത്തിനകം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം വാർത്തകളിൽ കണ്ടപ്പോൾ ‘വലിയ തമാശ’യായാണ് തോന്നിയതെന്നും അവർ പ്രതികരിച്ചു.
ചേവായൂരിലെ 20 ഏക്കറിൽ 271 കോടി രൂപ ചെലവിൽ 350 കിടക്കകളും 10 ഓപ്പറേഷൻ തിയേറ്ററുകളുമുള്ള സമുച്ചയം നിർമിക്കാനാണ് നിലവിലെ പദ്ധതി. എന്നാൽ സ്വന്തം കെട്ടിടം പൂർത്തിയാകുന്നതുവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തന സൗകര്യം ഒരുക്കുകയും സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും 60 തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് എൽഡിഎഫ് സർക്കാരാണെന്നും വീണാ ജോർജ് പറഞ്ഞു. 643 കോടി രൂപയുടെ ബൃഹദ് പദ്ധതിയെ 271 കോടിയിലേക്ക് ചുരുക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
