ബങ്കിപൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ജൻ സുരാജിന്റെ വിജയമായി മാത്രം കാണാതെ ബിജെപിക്കെതിരായ ജനവിധിയായും വിലയിരുത്തണമെന്ന് ജൻ സുരാജ് സ്ഥാപകൻ പ്രശാന്ത് കിഷോർ പറഞ്ഞു. ബീഹാറിലെ ഭരണത്തെയും നേതൃത്വത്തെയും കുറിച്ച് ബിജെപിക്ക് വോട്ടർമാർ ശക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ, ബങ്കിപൂരിലെ ജനങ്ങൾ ബിജെപി നേതൃത്വത്തിന് വ്യക്തമായ മുന്നറിയിപ്പ് നൽകിയതായി കിഷോർ പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ലഭിച്ച ജനവിധി പാഴാക്കരുതെന്നും സംസ്ഥാനത്തെ നേതൃത്വം ശരിയായ കൈകളിൽ ഏൽപ്പിക്കണമെന്നും വോട്ടർമാർ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, തൊഴിൽ, കുടിയേറ്റം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള നേതൃത്വമാണ് ബീഹാറിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ‘ജംഗിൾ രാജ്’ ഭയം ഉയർത്തിക്കാട്ടി വർഷങ്ങളായി ബിജെപി വോട്ട് നേടിയെങ്കിലും, അതേ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരെ അധികാരത്തിലെത്തിച്ചാൽ ജനങ്ങൾ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെടില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ തോൽക്കില്ലെന്ന അമിത ആത്മവിശ്വാസമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും വോട്ടർമാർ തിരുത്തിയത് ആ മാനസികാവസ്ഥയാണ് എന്നും കിഷോർ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയോ ലാലു പ്രസാദ് യാദവിനെതിരായ വികാരമോ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാത്ത ഭരണകൂടങ്ങളെ വോട്ടർമാർ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
