കെ.എം. ബഷീർ കേസിൽ ദൃക്‌സാക്ഷി കൂറുമാറി; അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനല്ല

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രധാന ദൃക്‌സാക്ഷിയായ ആറാം സാക്ഷി കൂറുമാറി. ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് കോടതിയിൽ മുൻ മൊഴിയിൽ നിന്ന് പിന്മാറിയത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്ന തന്റെ മുൻ മൊഴിയാണ് അദ്ദേഹം തിരുത്തിയത്.

2019 ഓഗസ്റ്റ് 3-ന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുണ്ടായ അപകടത്തിലാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചരുന്ന കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കേസ്. വാഹനം വഫ ഫിറോസിന്റെ പേരിലായിരുന്നു.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായിരുന്നുവെന്നാണ് കേസിലെ ആരോപണം. തുടക്കത്തിൽ പൊലീസ് നിലപാടും ഇതിന് അനുകൂലമായിരുന്നെങ്കിലും ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് ആ നീക്കം പൊളിഞ്ഞിരുന്നു.

ഇതിനിടെ, കേസിലെ വിചാരണ കോടതി മാറ്റിയ നടപടിക്കെതിരെ കെ.എം. ബഷീറിന്റെ ഭാര്യ സി. ജസീല നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ താൽപര്യപ്രകാരമാണെന്നും ഇത് വിചാരണയുടെ നീതിപൂർവതയെ ബാധിക്കുമെന്ന ആശങ്കയുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.

കേസ് നേരത്തെ പരിഗണിച്ചിരുന്ന തിരുവനന്തപുരം സെഷൻസ് കോടതി-1ലേക്ക് തിരിച്ചുമാറ്റുകയും നിലവിലെ പ്രോസിക്യൂട്ടറെ മാറ്റുകയും വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക