ബിരുദ പ്രവേശനത്തിന് പ്ലസ്ടു ഇനി നിർബന്ധമല്ല; ഐടിഐ, ഡിപ്ലോമ വിദ്യാർഥികൾക്കും അവസരം

സംസ്ഥാനത്തെ ബിരുദ പ്രവേശന മാനദണ്ഡങ്ങളിൽ നിർണായക മാറ്റം വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇനി മുതൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ പ്ലസ്ടു യോഗ്യത നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കി.

പുതിയ തീരുമാനപ്രകാരം ഐടിഐയും ഡിപ്ലോമയും പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സംസ്ഥാനത്തെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാനാകും. ഇതോടെ തൊഴിൽധിഷ്ഠിത വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വഴി കൂടുതൽ എളുപ്പമാകും.

പത്താം ക്ലാസിന് ശേഷം ഐടിഐ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിന് ശേഷം മൂന്ന് വർഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവർക്കും പ്ലസ്ടുവിന് ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും ബിരുദ കോഴ്സിന്റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം അനുവദിക്കും.

ഐടിഐ യോഗ്യതയുള്ള വിദ്യാർഥികൾക്ക് കോളജുകളിൽ വിവിധ ബിരുദ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും പുതിയ സംവിധാനത്തിലൂടെ ലഭ്യമാകും. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും പോളിടെക്നിക്കുകൾക്കും കൈമാറാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതിയ പ്രവേശന മാനദണ്ഡങ്ങൾ 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടത്.

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സൗകര്യപ്രദവും ഉൾക്കൊള്ളുന്നതുമായ അവസരങ്ങൾ ഒരുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് പുതിയ ഉത്തരവിനെ വിലയിരുത്തുന്നത്.

മറുപടി രേഖപ്പെടുത്തുക