കേരള-അമേരിക്ക സഹകരണ സാധ്യതകൾക്ക് പുതിയ വഴികൾ; സെർജിയോ ഗോറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകളാണ് പ്രധാനമായും ചർച്ചയായത്. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും യോഗത്തിൽ പരിഗണിച്ചു.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണം, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും ഇരുപക്ഷവും വിലയിരുത്തി.

അതേസമയം, കൂടിക്കാഴ്ച നടന്ന ഹോട്ടലിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസും ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ മുഖ്യമന്ത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ മൈക്കൽ ബൂലോസ് പിന്നീട് ആലപ്പുഴ സന്ദർശിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക