ജെമിനിക്ക് വമ്പൻ നേട്ടം; പ്രതിമാസ സജീവ ഉപയോക്താക്കൾ 100 കോടി കടന്നു

ഗൂഗിളിന്റെ എഐ ആപ്പായ ജെമിനി പ്രതിമാസം 100 കോടിയിലധികം സജീവ ഉപയോക്താക്കളെ സ്വന്തമാക്കി. ഗൂഗിളിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളർന്ന ഉൽപ്പന്നമായി ജെമിനി മാറിയതായി ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു.

ടെക്സ്റ്റിനൊപ്പം ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് ജെമിനിയുമായി സംവദിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉപയോക്താക്കളിൽ 63 ശതമാനം പേരും വോയ്സ് കമാൻഡുകളാണ് ഉപയോഗിക്കുന്നത്. പ്രതിദിനം 15 കോടിയിലധികം എഐ ചിത്രങ്ങളും ജെമിനി വഴി സൃഷ്ടിക്കപ്പെടുന്നുണ്ട്.

ജെമിനി ലൈവ് സൗകര്യം ഉപയോഗിച്ച് ക്യാമറ ദൃശ്യങ്ങളും സ്ക്രീൻ വിവരങ്ങളും പങ്കുവെച്ച് സഹായം തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. ആൻഡ്രോയിഡിനൊപ്പം ഐഒഎസ് പ്ലാറ്റ്ഫോമിലും ജെമിനിക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുമായുള്ള കടുത്ത മത്സരത്തിനിടെയാണ് ജെമിനിയുടെ ഈ മുന്നേറ്റം. കൂടുതൽ ഭാഷകളിലേക്കും പുതിയ ഫീച്ചറുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക