മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവും എംപിയുമായ എ.എ. റഹീം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ‘പ്രിയദര്‍ശനി സെന്‍സറിംഗ്’ ആണെന്നും ഇത് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജനാധിപത്യത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുല്ലുവിലയാണ് നല്‍കുന്നതെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും റഹീം ആരോപിച്ചു. അസഹിഷ്ണുതയാണ് ഇത്തരം നടപടികളിലൂടെ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ മെറ്റ നീക്കം ചെയ്യാറുണ്ടെന്നും അതേ മാതൃകയിലാണ് കേരള സര്‍ക്കാരും പ്രവര്‍ത്തിക്കുന്നതെന്നുമാണ് റഹീമിന്റെ ആരോപണം. മെറ്റയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരും മെറ്റയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ഇപ്പോള്‍ കേരളത്തിലും പ്രസക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന ഉള്‍പ്പെടുത്തിയ വാര്‍ത്ത മെറ്റ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ സിപിഎം എംപി വി. ശിവദാസനും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ കാര്‍ഡ് പോലും നീക്കം ചെയ്തത് അമ്പരപ്പിക്കുന്നതാണെന്നും ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളുടെ ചോദ്യങ്ങളെ ഭയക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ എന്തിനാണ് ഇത്തരമൊരു അസഹിഷ്ണുത കാണിക്കുന്നതെന്നും ശിവദാസന്‍ ചോദിച്ചു.
