കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് മരണപ്പെട്ടത്. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസ് ദേശീയപാത 48-ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരു ബന്നാർഘട്ട റോഡിലുള്ള യൂണിവേഴ്സൽ നഴ്സിംഗ് കോളേജിലെ 53 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 26 പേരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണെന്ന് അധികൃതർ അറിയിച്ചു.
അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. സംഭവത്തിൽ അയ്മംഗല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
