ബിജെപിയിൽ ചേർന്നതിൽ ഇപ്പോൾ വളരെയധികം ദുഃഖം; ഉണ്ടായത് നഷ്ടങ്ങൾ മാത്രം: സംവിധായകൻ രാമസിംഹൻ

ബിജെപിയിൽ ചേർന്നതിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്നത് നഷ്ടങ്ങൾ മാത്രമാണെന്ന് സംവിധായകൻ രാമസിംഹൻ. സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്ന ജോലിയും ഉണ്ടായിരുന്നെങ്കിലും ബിജെപിയിൽ എത്തിയതോടെ എല്ലാം നഷ്ടപ്പെട്ടുവെന്നാണ് രാമസിംഹന്റെ വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപിയിൽ ചേർന്നതിൽ ഇപ്പോൾ വളരെയധികം ദുഃഖമുണ്ടെന്നും രാമസിംഹൻ പറഞ്ഞു. സ്വന്തമായി ഉണ്ടായിരുന്ന സ്റ്റുഡിയോയിൽ ഉപകരണങ്ങൾ പോലും ഉപയോഗിക്കാതെ കിടന്ന് തുരുമ്പെടുത്തുപോയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളോട് ഇപ്പോഴും ബഹുമാനമുണ്ടെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെയും രാമസിംഹൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പുതിയ ആളുകൾ പാർട്ടിയിൽ ചേരുമ്പോൾ ഷാൾ അണിയിക്കാനും ഫോട്ടോ എടുക്കാനും മാത്രമാണ് നേതാക്കൾ എത്തുന്നതെന്നും പിന്നീട് അവരെക്കുറിച്ച് അന്വേഷിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കാര്യമായ കഴിവില്ലെന്നും രാമസിംഹൻ വിമർശിച്ചു.

തന്നെപ്പോലെ ഹിന്ദു പേര് സ്വീകരിച്ച വ്യക്തിയെക്കാൾ അബ്ദുള്ളക്കുട്ടിയെ പോലുള്ള മുസ്ലിം പശ്ചാത്തലമുള്ള നേതാക്കൾക്ക് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയിലേക്ക് മുസ്ലിം വോട്ടുകൾ എത്തുമെന്ന പ്രതീക്ഷയിൽ നേതൃത്വം മുന്നോട്ടുപോകുന്നത് ശരിയായ സമീപനമല്ലെന്നും ഹിന്ദു സമൂഹത്തെ കൂടുതൽ ചേർത്തുനിർത്താനാണ് പാർട്ടി ശ്രമിക്കേണ്ടതെന്നും രാമസിംഹൻ അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക