പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന മംഗളൂരു സ്റ്റേഷൻ അടക്കമുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവിയിലെ വികസന സാധ്യതകളെയും നേരിട്ട് ബാധിക്കാവുന്ന സുപ്രധാന തീരുമാനമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്രയും പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ് കേരള സർക്കാരുമായി റെയിൽവേ ബോർഡ് യാതൊരു കൂടിയാലോചനയും നടത്തിയില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.
കേരളത്തിന്റെ റെയിൽവേ വികസനത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് പുനഃപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
