കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപണം; സെപ്റ്റംബർ 5ന് ഡൽഹിയിൽ സിജെപിയുടെ യുവജന പ്രതിഷേധ മാർച്ച്

ജൂലൈ 25ന് രാജ്യത്തെ യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ച് സെപ്റ്റംബർ 5ന് ഡൽഹിയിൽ സമാധാനപരമായ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന് ന്യൂഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ദുരിതമനുഭവിച്ചവരുടെയും പൊലീസ് അതിക്രമത്തിന് ഇരയായവരുടെയും കുടുംബങ്ങൾ മാർച്ചിന് നേതൃത്വം നൽകുമെന്ന് പാർട്ടി അറിയിച്ചു.

ജൂലൈ 25ന് കേന്ദ്രസർക്കാരും ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ചേർന്ന ദേശീയ പ്രവർത്തക സമിതി യോഗത്തിലാണ് പ്രതിഷേധം പ്രഖ്യാപിച്ചത്. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാൻ തയ്യാറാണോ എന്ന കാര്യത്തിൽ യോഗത്തിൽ ഗുരുതരമായ ആശങ്ക ഉയർന്നതായി സിജെപി പ്രസ്താവനയിൽ പറഞ്ഞു.

ഒരു മാസം മുമ്പ് നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നതിന് പകരം സർക്കാർ നടപടികൾ വൈകിപ്പിക്കുകയാണെന്നും വ്യക്തമായ ഉറപ്പുകൾ നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പാർട്ടി ആരോപിച്ചു. സുപ്രീം കോടതിക്ക് മുമ്പാകെ പോലും വിഷയത്തിൽ വ്യക്തമായ പ്രതിബദ്ധത അറിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും സിജെപി കുറ്റപ്പെടുത്തി.

ഓഗസ്റ്റ് 18ലെ സുപ്രീം കോടതി നടപടികളും സിജെപി പ്രസ്താവനയിൽ പരാമർശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ കേന്ദ്രത്തോട് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും അവ കൂട്ടമായി റദ്ദാക്കുന്ന കാര്യം പരിഗണിക്കാനാണിതെന്നും പാർട്ടി പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറായില്ലെന്നും സിജെപി ആരോപിച്ചു.

തങ്ങളുടെ ക്ഷമയെ ദൗർബല്യമായി കാണരുതെന്നും ഇപ്പോഴത്തെ സാഹചര്യം തുടരാൻ അനുവദിക്കാനാകില്ലെന്നും സിജെപി വ്യക്തമാക്കി. യുവതലമുറയോടും കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളോടും സർക്കാർ വഞ്ചന കാട്ടുകയാണെന്ന തോന്നലാണ് പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങാൻ തങ്ങളെ നിർബന്ധിച്ചതെന്നും പാർട്ടി പറഞ്ഞു.

ജൂലൈ 25ന് സംയുക്ത വാർത്താസമ്മേളനത്തിലൂടെ സർക്കാർ നൽകിയ ഉറപ്പുകളിൽ വിശ്വസിച്ചാണ് രാജ്യവ്യാപകമായി നടന്ന യുവജന പ്രതിഷേധങ്ങൾ നല്ല വിശ്വാസത്തോടെ പിൻവലിച്ചതെന്ന് സിജെപി വ്യക്തമാക്കി. ഒരു തലമുറയുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വന്തം വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്മാറുന്നത് അംഗീകരിക്കാനാകില്ലെന്നും പാർട്ടി കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 5ന് നടക്കുന്ന മാർച്ചിൽ രാജ്യത്തെ വിദ്യാർഥികളും യുവജന സംഘടനകളും യുവ പൗരന്മാരും വലിയ തോതിൽ പങ്കെടുക്കണമെന്ന് സിജെപി ആഹ്വാനം ചെയ്തു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങൾ മുന്നിലും പൊലീസ് അതിക്രമത്തിന്റെ ഇരകൾ അവർക്കൊപ്പവും അണിനിരക്കും. സർക്കാർ നൽകിയ ഉറപ്പുകൾ അക്ഷരത്തിലും ആത്മാവിലും പാലിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിന്റെ പ്രധാന മുദ്രാവാക്യമെന്നും പാർട്ടി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക