ഈ ഓണത്തിന് എല്ലാവരും സന്തോഷമായിരിക്കാൻ സർക്കാരിന് ചെയ്‌യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്: മുഖ്യമന്ത്രി വി ഡി സതീശൻ

ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ കഴിയുന്നതിനായി സർക്കാരിന് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് വി.ഡി. സതീശൻ. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അനുവദിച്ച തുക പൂർണമായും ചെലവഴിക്കണമെന്നും അതുവഴി പണം വിപണിയിലെത്തുകയും കൂടുതൽ നികുതി വരുമാനം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് പണത്തിന്റെ സഞ്ചാരം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സതീശൻ വ്യക്തമാക്കി.

പ്രകൃതിയുടെ മനോഹാരിതയും ഓണത്തിന്റെ അനുഭവങ്ങളും ജീവിതത്തിന്റെ എല്ലാ കാലത്തും നിലനിൽക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി സാധ്യമായ എല്ലാ പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായലിനെയും കരയെയും ബന്ധിപ്പിച്ചുള്ള ഇന്റഗ്രേറ്റഡ് ടൂറിസം പദ്ധതിക്ക് രൂപം നൽകും. കേരളത്തിലെത്തുന്ന ഒരു വിനോദസഞ്ചാരിക്ക് കുറഞ്ഞത് മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ സംസ്ഥാനത്ത് ചെലവഴിക്കാൻ കഴിയുന്ന തരത്തിലുള്ള ടൂറിസം സംവിധാനമാണ് ലക്ഷ്യമിടുന്നത്. ബീച്ച് ടൂറിസം, റിവർ ടൂറിസം, ഫോറസ്റ്റ് ടൂറിസം തുടങ്ങിയ മേഖലകൾ കൂടുതൽ പ്രോത്സാഹിപ്പിക്കും.

ഇന്റർനാഷണൽ മാരിടൈം മ്യൂസിയം, കേരളത്തിലെ ഫിലിം സിറ്റി തുടങ്ങിയ പദ്ധതികളും പരിഗണനയിലുണ്ട്. തലസ്ഥാന നഗരിയുടെ വികസനത്തിനായി വിപുലമായ പദ്ധതിയും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് പദ്ധതിയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും അത് സസ്പെൻസായി ഇരിക്കട്ടെയെന്നും സതീശൻ കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമഗ്രമായ ടൂറിസം വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഓണം മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാലത്തിനും വേഷത്തിനും രൂപത്തിനും ഭാവങ്ങൾക്കും അതീതമായി ഓണം മലയാളികളുടെ ആഘോഷമായി തുടരുകയാണ്. മഹാബലി എന്ന പേര് ഓർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക