സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ യാത്രയും ജീവിതാനുഭവങ്ങളും പുസ്തകരൂപത്തിൽ ആരാധകർക്ക് മുന്നിലെത്തിക്കാനൊരുങ്ങി മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് സൗന്ദര്യ വെളിപ്പെടുത്തിയത്.
രജനീകാന്തിന്റെ സിനിമാ ജീവിതത്തിലെ നേട്ടങ്ങൾക്കൊപ്പം വ്യക്തിപരമായ അനുഭവങ്ങളും സിനിമാ രംഗത്തെത്തിയ കാലം മുതൽ നേരിട്ട വെല്ലുവിളികളും ഉന്നതിയിലേക്കുള്ള യാത്രയുമെല്ലാം പുസ്തകത്തിൽ ഉൾപ്പെടുത്തും. പരമഹംസ യോഗാനന്ദയുടെ ‘ഒരു യോഗിയുടെ ആത്മകഥ’ പോലെ തലമുറകൾക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പുസ്തകമായിരിക്കണമെന്നാണ് ആഗ്രഹമെന്നും സൗന്ദര്യ പറഞ്ഞു.
അച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കാൻ അവസരം ലഭിച്ചാൽ അത് തനിക്ക് ഏറെ പ്രത്യേകതയുള്ള അനുഭവമായിരിക്കുമെന്നും സൗന്ദര്യ വ്യക്തമാക്കി. സർഗ്ഗാത്മകതയിൽ വ്യക്തതയും അച്ചടക്കവും എത്രത്തോളം പ്രധാനമാണെന്ന് അച്ഛനിൽ നിന്നാണ് പഠിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം, സൗന്ദര്യ പ്രൊഡക്ഷൻസിന്റെ പുതിയ സംരംഭങ്ങളും ശ്രദ്ധ നേടുകയാണ്. നെറ്റ്ഫ്ലിക്സിനായി ‘ലവ്’ എന്ന പേരിൽ ഒരു റൊമാന്റിക് തമിഴ് വെബ് സീരീസ് നിലവിൽ നിർമ്മിച്ചുവരികയാണ്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന സീരീസിൽ അർജുൻ ദാസും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒക്ടോബറിൽ സീരീസ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.
