സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാളെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വടക്കൻ കേരളത്തിൽ ഇതിനകം ശക്തമായ മഴ തുടരുകയാണ്. പ്രത്യേകിച്ച് കണ്ണൂർ–കർണാടക അതിർത്തി മേഖലകളിൽ അതിശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയും കേരള തീരത്ത് കടലിൽ പോകാൻ പാടില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് നാളെയും മഴ തുടരുമെന്നാണ് പ്രവചനം. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓണക്കാലത്തും മഴ ശക്തമായി തുടരാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സുരക്ഷാ നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സമീപത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും ആവശ്യമെങ്കിൽ പകൽ സമയത്ത് തന്നെ അവിടേക്ക് മാറി താമസിക്കുകയും വേണം. ഇതിനായി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സുരക്ഷിതമല്ലാത്ത വീടുകളിലും ബലക്ഷയമുള്ള മേൽക്കൂരകളുള്ള കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഉടൻ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക