ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിക്കെതിരെ ചൈന രംഗത്ത്. ഇറാനുമായുള്ള സാമ്പത്തിക-വ്യാപാര സഹകരണത്തിൽ അമേരിക്ക ഇടപെടരുതെന്നും ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയാൽ അതിന് ശക്തമായ തിരിച്ചടി നൽകുമെന്നും ബെയ്ജിംഗ് മുന്നറിയിപ്പ് നൽകി.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും യു.എസ്. ഡോളർ അധിഷ്ഠിത സാമ്പത്തിക സംവിധാനത്തിൽ നിന്ന് പുറത്താക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ പദ്ധതിയുടെ ഭാഗമായി ഇറാനുമായി ബന്ധമുള്ള 60-ലധികം സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും വ്യക്തികൾക്കുമെതിരെ യു.എസ്. ട്രഷറി വകുപ്പ് അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ പുതിയ ഉപരോധ പട്ടികയിൽ ചൈനീസ് കമ്പനികളെ ഉൾപ്പെടുത്തരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മർദവും ഉപരോധ രാഷ്ട്രീയവും അന്താരാഷ്ട്ര പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക-വ്യാപാര സഹകരണം അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണെന്നും അതിനെ തടസപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും ചൈന ആവർത്തിച്ചു. നിയമാനുസൃതമായ വ്യാപാര ഇടപാടുകളിൽ ബാഹ്യ ഇടപെടൽ അനുവദിക്കില്ലെന്നും ബെയ്ജിംഗ് വ്യക്തമാക്കി.
ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാന മേഖല, ഷിപ്പിംഗ് മേഖല എന്നിവ ഉൾപ്പെടെ അഞ്ച് പ്രധാന മേഖലകളെ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ പുതിയ ഉപരോധ നടപടികൾ. ഇറാന്റെ സാമ്പത്തിക സ്രോതസുകൾ നിയന്ത്രിച്ച് രാജ്യത്തെ കൂടുതൽ സമ്മർദത്തിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, അമേരിക്കയുടെ ഉപരോധ ഭീഷണികളെ തങ്ങളുടെ വ്യാപാര പങ്കാളികൾ ഗൗരവമായി കാണുന്നില്ലെന്നാണ് ഇറാന്റെ പ്രതികരണം. അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾ തുടരുമെന്നും അമേരിക്കയുടെ സാമ്പത്തിക സമ്മർദം ഫലപ്രദമാകില്ലെന്നും ടെഹ്റാൻ വ്യക്തമാക്കിയിട്ടുണ്ട്.
