സ്ഥാനം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും ടീമിനൊപ്പം നിന്നു; സഞ്ജുവിനെ പ്രശംസിച്ച് സൂര്യകുമാർ

2026ലെ ഐസിസി ടി20 ലോകകപ്പ് കിരീട നേട്ടത്തിന് മുന്നോടിയായുള്ള നിർണായക ഘട്ടത്തിൽ മലയാളി താരം സഞ്ജു സാംസൺ പ്രകടിപ്പിച്ച നിസ്വാർത്ഥ സമീപനത്തെയും ഉയർന്ന കായികമൂല്യങ്ങളെയും പ്രശംസിച്ച് ഇന്ത്യൻ ടി20 നായകനും സൂപ്പർ ബാറ്ററുമായ സൂര്യകുമാർ യാദവ്. മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവുമായി നടന്ന വികാരനിർഭരമായ സംഭാഷണം സൂര്യ വെളിപ്പെടുത്തിയത്.

ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മറുവശത്ത്, ഇഷാൻ കിഷൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുക പ്രയാസകരമാകുമെന്ന് താൻ നേരിട്ട് അറിയിച്ചിരുന്നുവെന്ന് സൂര്യ പറഞ്ഞു.

“ഒരു ദിവസം ടീം ബസിൽ യാത്ര ചെയ്യുമ്പോൾ ഞാൻ സഞ്ജുവിനോട് കാര്യങ്ങൾ തുറന്നുപറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ അറിയിച്ചു. നായകനെന്ന നിലയിൽ എനിക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്,” സൂര്യ ഓർമിച്ചു.

എന്നാൽ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകൾക്കപ്പുറം ടീമിന്റെ വിജയത്തിനാണ് മുൻഗണന നൽകേണ്ടതെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണമെന്ന് സൂര്യ വെളിപ്പെടുത്തി.

“ടീമിന് ലോകകപ്പ് നേടാൻ ഏറ്റവും നല്ലത് എന്താണെന്ന് തോന്നുന്നുവോ ആ തീരുമാനം തന്നെ എടുക്കൂ. എപ്പോഴെങ്കിലും ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ ഞാൻ തയ്യാറായിരിക്കും. അവസരം ലഭിക്കുന്ന നിമിഷം കളത്തിലിറങ്ങാൻ പൂർണ സജ്ജനായി ഞാൻ തുടരും,” എന്നായിരുന്നു സഞ്ജുവിന്റെ മറുപടിയെന്ന് സൂര്യ പറഞ്ഞു.

ആ മറുപടി തന്നെ അതിശയിപ്പിച്ചുവെന്നും സ്വന്തം സ്ഥാനത്തെക്കാൾ ടീമിന്റെ വിജയത്തെ മുൻനിർത്തി ചിന്തിക്കുന്ന കളിക്കാർ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ജുവിനോടുള്ള ബഹുമാനം അതോടെ ഇരട്ടിയായെന്നും സൂര്യ വ്യക്തമാക്കി.

നല്ല മനുഷ്യർക്ക് നല്ല കാര്യങ്ങളാണ് ഒടുവിൽ സംഭവിക്കുകയെന്ന വിശ്വാസം തനിക്കുണ്ടെന്നും സൂര്യ പറഞ്ഞു. ശ്രീലങ്കൻ പര്യടനത്തിൽ മോശം ഫോമിലായിരുന്ന സമയത്ത് സഞ്ജുവിന് പരിശീലക സംഘവും താനും പൂർണ പിന്തുണ നൽകിയിരുന്നു. പിന്നീട് ബംഗ്ലാദേശിനെതിരായ സെഞ്ചുറിയും ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നേടിയ 216 റൺസും സഞ്ജുവിന്റെ കരിയറിലെ മികച്ച തിരിച്ചുവരവായി മാറിയതായും സൂര്യകുമാർ യാദവ് വിലയിരുത്തി.

മറുപടി രേഖപ്പെടുത്തുക