തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായി തുറന്ന് സമ്മതിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിൽ കൂടുതൽ കരുത്തുറ്റ സ്ഥാനാർഥിയെ നിർത്തുന്നതിൽ പാളിച്ച സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പിഴവ് ജനങ്ങളോട് തുറന്ന് പറയാൻ പാർട്ടിക്ക് മടിയില്ലെന്നും രാഗേഷ് പറഞ്ഞു. തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്നും പുതിയ വനിതാ സ്ഥാനാർഥിക്ക് അവസരം നൽകണമെന്നുമുള്ള പാർട്ടിയുടെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്യാമള ടീച്ചറെ സ്ഥാനാർഥിയാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള തളിപ്പറമ്പ് പോലൊരു മണ്ഡലത്തിൽ കൂടുതൽ ശക്തമായ മത്സരശേഷിയുള്ള സ്ഥാനാർഥിയെ പരിഗണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം മുൻ നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനമാണ് രാഗേഷ് ഉയർത്തിയത്. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെ നിരവധി സുപ്രധാന ചുമതലകൾ നൽകിയിട്ടും ഗോവിന്ദൻ പാർട്ടിയെ പിന്നിൽ നിന്ന് വഞ്ചിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“ടി.കെ. ഗോവിന്ദൻ ഒരു വർഗവഞ്ചകനാണ്. തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് അദ്ദേഹം. പാർട്ടിക്കൊപ്പം നിന്നുകൊണ്ട് പാർട്ടിക്കാരുടെ നെഞ്ചിൽ കഠാര കുത്തിയ വ്യക്തിയാണ്,” എന്ന് രാഗേഷ് പറഞ്ഞു.
ശ്യാമള ടീച്ചറിന് പകരം മറ്റാരെയെങ്കിലും സ്ഥാനാർഥിയാക്കിയിരുന്നാലും സ്ഥാനമോഹം മൂലം ഗോവിന്ദൻ യുഡിഎഫിനൊപ്പം മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ ഈ നടപടി സിപിഎം ഒരിക്കലും മറക്കില്ലെന്നും, ജനങ്ങൾ ഇത്തരം രാഷ്ട്രീയ വഞ്ചകരെ ഒറ്റപ്പെടുത്തണമെന്നും രാഗേഷ് ആഹ്വാനം ചെയ്തു.
