മയക്കുമരുന്ന് വേട്ടയിൽ എൽഡിഎഫ് ഭരണത്തിലും കേരളം മാതൃക; രമേശ് ചെന്നിത്തലയ്ക്ക് പിണറായി വിജയന്റെ മറുപടി

“10 വർഷം ഭരിച്ചിട്ടും 500 ഗ്രാം എംഡിഎംഎ പോലും പിടികൂടാൻ കഴിഞ്ഞില്ല” എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്തെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ കുറഞ്ഞപക്ഷം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിക്കാമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിയെത്തിയ കേരള പൊലീസ്, ഹൈദരാബാദിലെ കുക്കട്പള്ളിയിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിനിർമാണ ലാബ് കണ്ടെത്തി പൂട്ടിച്ചുവെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രാസവസ്തുക്കളും പിടിച്ചെടുത്തിരുന്നു. തെലങ്കാന സർക്കാരിന് സാധിക്കാത്ത നടപടിയാണ് കേരള പൊലീസ് അവിടെ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ നൽകിയ കണക്കുകൾ തന്നെ തെളിയിക്കുന്നുവെന്നും പിണറായി അവകാശപ്പെട്ടു. 2025 ഫെബ്രുവരി 3-ന് ലോക്സഭയിൽ കേന്ദ്ര ധനമന്ത്രി നൽകിയ മറുപടി പ്രകാരം 2022 മുതൽ മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടി സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കേസുകളിൽ രണ്ടാമതുള്ള സംസ്ഥാനത്തേക്കാൾ മൂന്നിരട്ടി അറസ്റ്റുകൾ കേരളത്തിൽ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 ഡിസംബറിൽ രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി പ്രകാരം എൻഡിപിഎസ് കേസുകളിലെ ശിക്ഷാ നിരക്ക് കേരളത്തിൽ 98 ശതമാനത്തിലേറെയായിരുന്നുവെന്നും ദേശീയ ശരാശരി 78 ശതമാനമായപ്പോൾ തെലങ്കാനയിൽ അത് 25 ശതമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2021 മുതൽ 2025 വരെ കേരള പൊലീസ് 1,26,855 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തതായി പിണറായി പറഞ്ഞു. ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ഉൾപ്പെടെയുള്ള ശക്തമായ നടപടികളാണ് കേസുകളുടെ എണ്ണത്തിൽ 538 ശതമാനം വർധനവിന് കാരണമായതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എക്സൈസ് വകുപ്പ് 41,946 എൻഡിപിഎസ് കേസുകളും 4,18,403 സിഒടിപിഎ കേസുകളും രജിസ്റ്റർ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കാലയളവിൽ 17,587 കിലോഗ്രാമിലധികം കഞ്ചാവ്, 33 കിലോഗ്രാമിലധികം എംഡിഎംഎ, 65 കിലോഗ്രാമിലധികം ഹാഷിഷ്, 1.6 ലക്ഷം കിലോഗ്രാമിലധികം സിഒടിപിഎ ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തതായും പിണറായി വ്യക്തമാക്കി. 2023-ൽ ആൻഡമാൻ-നിക്കോബാറിൽ നിന്ന് കേരള എക്സൈസ് 80 കിലോ എംഡിഎംഎ പിടികൂടിയതും 2018-ലെ കൊച്ചിയിലെ 5 കിലോ എംഡിഎംഎ വേട്ടയും ഉൾപ്പെടെയുള്ള നടപടികൾ എൽഡിഎഫ് സർക്കാരിന്റെ ശക്തമായ ഇടപെടലുകളുടെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് വേട്ടയെ പ്രതിപക്ഷം ഒരിക്കലും എതിർത്തിട്ടില്ലെന്നും പൂർണ പിന്തുണ നൽകിയിരുന്നുവെന്നും പിണറായി വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ പ്രതിയായ അന്താരാഷ്ട്ര എംഡിഎംഎ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

കാസർഗോഡ് കേസിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ തടസപ്പെടുത്താനും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കാതിരിക്കാനും സമ്മർദമുണ്ടായെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സ്വന്തം ആളുകൾ ഉൾപ്പെട്ടപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ ‘ഓപ്പറേഷൻ തൂഫാൻ’ പേരിൽ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കാസർഗോഡ് കേസിൽ ആഭ്യന്തര വകുപ്പിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുന്ന സാഹചര്യമാണുള്ളതെന്നും ആഭ്യന്തര മന്ത്രി വസ്തുതകൾ പരിശോധിച്ച് ഉത്തരവാദിത്തത്തോടെ സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയൻ കുറിപ്പിൽ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക