കണ്ണൂർ വിമാനത്താവള ഓഹരി തട്ടിപ്പ് കേസ്: മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ്

മുംബൈയിലെ ബോറിവില്ലി കോടതി ചെക്ക് കേസുകളിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷ വിധിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായിയുടെ പരാതിയുൾപ്പെടെ നാല് കേസുകളിലാണ് കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയത്. എന്നാൽ ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല.

കാബിനറ്റ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന ഘട്ടത്തിലാണ് മാണി സി കാപ്പനെതിരെ മുംബൈ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2015 മുതൽ തുടരുന്ന നിയമപോരാട്ടത്തിന്റെ ഭാഗമായാണ് കേസിലെ നടപടി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നൽകിയിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയിലെത്തിയതോടെ നടപടികൾ മുന്നോട്ടുപോയിരുന്നില്ല. തുടർന്ന് മുംബൈ സ്വദേശിയായ പ്രവാസി വ്യവസായി ദിനേശ് മേനോൻ ബോറിവില്ലി കോടതിയെ സമീപിക്കുകയായിരുന്നു.

വിശദമായ വാദം കേട്ട ശേഷമാണ് കോടതി മാണി സി കാപ്പന് ഒരു വർഷം തടവുശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

നാല് കേസുകളിലായി 5.3 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകണമെന്നും ഒരു മാസത്തിനകം തുക അടയ്ക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. നിർദേശിച്ച സമയപരിധിക്കുള്ളിൽ തുക നൽകാത്ത പക്ഷം മൂന്ന് മാസം അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.

മറുപടി രേഖപ്പെടുത്തുക