സംസ്ഥാന സർക്കാരിന്റെ കടമെടുക്കലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. കടമെടുക്കാത്ത ഏതെങ്കിലും സർക്കാർ ലോകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാനാകുമെന്നും കഴിഞ്ഞ ഇടത് സർക്കാരാണ് പരിധി വിട്ട് കടമെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ബജറ്റിന് പുറത്ത് കോടിക്കണക്കിന് രൂപ കടമെടുത്തതിന്റെ ബാധ്യതയും നിലവിലെ സർക്കാരിനാണ് വഹിക്കേണ്ടിവരുന്നത്. കിഫ്ബി വഴി ഉണ്ടായ 38,000 കോടി രൂപയുടെ കടബാധ്യതയും കഴിഞ്ഞ സർക്കാർ വരുത്തിവെച്ച മറ്റ് സാമ്പത്തിക ബാധ്യതകളും നിലവിലെ സർക്കാരിന്റെ തലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പുറമെ, കഴിഞ്ഞ സർക്കാരിന് 15-ാം ധനകാര്യ കമ്മീഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി 55,000 കോടി രൂപ നൽകിയിരുന്നു. എന്നാൽ നിലവിലെ സർക്കാരിന് ഈ തുക ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
16-ാം ധനകാര്യ കമ്മീഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ഉണ്ടാകില്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ഗ്രാന്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ ധനമന്ത്രി ബജറ്റ് തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്രത്തിൽ നിന്നുള്ള ഡെവല്യൂഷൻ തുകയിൽ ഗണ്യമായ കുറവുണ്ടായെന്നും ഏകദേശം 5,000 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ധനമന്ത്രി കണക്കാക്കിയതിൽ നിന്ന് ഏകദേശം 20,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന തുകയിൽ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായിരുന്നെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അത് മൂന്ന് ശതമാനമായി കുറച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിൽ പരിധി വിട്ട് കടമെടുത്തുവെന്ന ആരോപണം എങ്ങനെയാണ് ഉന്നയിക്കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.
