അഭിനന്ദൻ വർധമാൻ ഇനി യാത്രാവിമാനം പറത്തും; വ്യോമസേന വിട്ട് ഫ്ലൈ91-ൽ പുതിയ ദൗത്യം

പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര പുരസ്കാരം നേടിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ വ്യോമസേന വിട്ട് ഇനി യാത്രാവിമാനം പറത്തും. മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 വിമാനക്കമ്പനിയിൽ പൈലറ്റായാണ് അഭിനന്ദൻ പുതിയ ജോലിയിൽ പ്രവേശിച്ചത്. എടിആർ 72-600 ടർബോപ്രോപ്പ് വിമാനങ്ങളായിരിക്കും അദ്ദേഹം പറത്തുക.

മാർച്ച് 31നാണ് അഭിനന്ദൻ വ്യോമസേനയിൽ നിന്ന് വിരമിച്ചത്. 2019 ഫെബ്രുവരി 27നാണ് പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടത്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

അന്ന് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ പാക് വ്യോമാക്രമണത്തിനിടെ വിമാനം തകർന്നതിനെ തുടർന്ന് ഇജക്ട് ചെയ്ത് പാകിസ്ഥാൻ പ്രദേശത്ത് വീണു. പരിക്കുകളോടെ പാക് സൈന്യത്തിന്റെ പിടിയിലായ അദ്ദേഹം മൂന്ന് ദിവസത്തിന് ശേഷം, മാർച്ച് ഒന്നിന്, മോചിതനായി ഇന്ത്യയിലെത്തി.

അസാധാരണമായ ധീരതയ്ക്കുള്ള അംഗീകാരമായി അഭിനന്ദന് കേന്ദ്ര സർക്കാർ വീരചക്ര നൽകി ആദരിച്ചു. 2021ലാണ് വിങ് കമാൻഡറായിരുന്ന അദ്ദേഹത്തിന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇനി സൈനിക വ്യോമയാനത്തിൽ നിന്ന് സിവിൽ വ്യോമയാനത്തിലേക്കാണ് അഭിനന്ദന്റെ പുതിയ ചുവടുമാറ്റം.

മറുപടി രേഖപ്പെടുത്തുക