പാചകവാതക ഉപയോക്താക്കൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. ഇനി ഗ്രാമപ്രദേശങ്ങളിലടക്കം എല്ലാ മേഖലകളിലും 25 ദിവസത്തിനകം എൽപിജി സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാം. നേരത്തെ ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെ ഇടവേള നിശ്ചയിച്ചിരുന്നതാണ് ഒഴിവാക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പുതിയ 25 ദിവസത്തെ പരിധി നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ഇത് ഉടൻ പ്രാബല്യത്തിൽ വരുത്താൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നിവ പുതിയ സംവിധാനം നടപ്പാക്കും. ഇതോടെ റീഫിൽ ബുക്കിംഗിൽ നഗരപ്രദേശങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ഉപയോക്താക്കൾക്ക് ഒരേ മാനദണ്ഡമായിരിക്കും ബാധകം.
പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതായും റീഫിൽ ബുക്കിംഗിലെ കുടിശ്ശിക ഗണ്യമായി കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തെ എൽപിജി വിതരണത്തിൽ സമ്മർദ്ദം ശക്തമായിരുന്നു. ഇതോടെ ഡിമാൻഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും ഇടവേള നിശ്ചയിച്ചിരുന്നു. എന്നാൽ നിലവിൽ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് ഗ്രാമപ്രദേശങ്ങളിലുണ്ടായിരുന്ന അധിക നിയന്ത്രണം ഒഴിവാക്കുന്നത്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉപയോക്താക്കൾക്ക് 25 ദിവസത്തിനകം അടുത്ത എൽപിജി റീഫിൽ ബുക്ക് ചെയ്യാനാകും.
