ഡൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ അപകടത്തിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ദുരന്തത്തിന് ശേഷം വലിയ അവകാശവാദങ്ങൾ മാത്രമാണ് സർക്കാർ നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു.
യഥാർഥ ഉത്തരവാദികൾ രക്ഷപ്പെടുകയും താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരുടെ മേൽ മാത്രം കുറ്റം ചുമത്തുകയും ചെയ്യുന്നതാണ് ബിജെപി സർക്കാരിന്റെ രീതിയെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. സത്യ നികേതനിൽ വിദ്യാർഥികൾ തിങ്ങിനിറഞ്ഞ കെട്ടിടം തകർന്ന സംഭവം ഒറ്റപ്പെട്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് മാസത്തിനിടെ സെയ്ദുലാജാബിൽ ഉണ്ടായ സമാന ദുരന്തത്തിൽ ആറ് പേരും ഹൗസ് റാണിയിൽ ഉണ്ടായ തീപിടിത്തത്തിൽ 22 പേരും മരിച്ചതായി രാഹുൽ പറഞ്ഞു. ഓരോ ദുരന്തത്തിലും മനുഷ്യജീവിതങ്ങളും നിരവധി സ്വപ്നങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇല്ലാതാകുമ്പോഴും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഉത്തരവാദിത്വം സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമര്യാദയായ വിശേഷണങ്ങൾ ഉപയോഗിച്ച് നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ‘മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട നക്‌സൽ’, ‘മുൻകോപിയായ അമ്മാവൻ’ തുടങ്ങിയ വിശേഷണങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി ലോകത്തെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ പറഞ്ഞ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരും ഡൽഹി സർക്കാരും ഡൽഹി കോർപ്പറേഷനും ബിജെപി നിയന്ത്രിക്കുന്ന ‘ട്രിപ്പിൾ എൻജിൻ’ സംവിധാനത്തിന് കീഴിലായിട്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. നിലവിലെ അവസ്ഥയ്ക്ക് പിന്നിൽ ആത്മാർഥതയില്ലായ്മയാണെന്നും ആത്മാർഥത ഇല്ലാത്തിടത്ത് ഉത്തരവാദിത്വവും ഉണ്ടാകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
