യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

റൈഡ് ബുക്കിംഗിനിടെ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ റൈഡ് സർവീസ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ). ഉപഭോക്തൃ അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

റൈഡ് അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വ്യാപാര രീതികളെക്കുറിച്ചുള്ള വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യാത്ര ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ തന്നെ മുൻകൂർ ടിപ്പ് നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കൽ, കൂടുതൽ തുക നൽകിയാൽ മാത്രമേ ഡ്രൈവർമാരെ വേഗത്തിൽ ലഭ്യമാക്കൂ എന്ന തരത്തിൽ സമ്മർദ്ദം സൃഷ്ടിക്കൽ, ഇത്തരം രീതികൾ ആപ്പിൽ ഉൾപ്പെടുത്തൽ എന്നിവയാണ് റാപ്പിഡോക്കെതിരായ പ്രധാന കണ്ടെത്തലുകൾ.

സമാന പരാതികളുടെ അടിസ്ഥാനത്തിൽ ഓല, ഊബർ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്കും സിസിപിഎ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഊബറിനും ഓലയ്ക്കുമെതിരായ അന്വേഷണം നിലവിൽ അവസാനഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകാനിടയുണ്ടെന്നും അതോറിറ്റി അറിയിച്ചു.

ഡിജിറ്റൽ സേവന രംഗത്ത് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം കൂടിയാണ് ഈ നടപടിയിലൂടെ സിസിപിഎ നൽകുന്നത്.

മറുപടി രേഖപ്പെടുത്തുക