പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായി മുംബൈയിൽ സുരക്ഷാ ആശങ്ക. വ്യാജ തിരിച്ചറിയൽ കാർഡുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട യുവാവിനെയും തോക്കുമായി എത്തിയ ഗൺമാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുർള കോംപ്ലക്സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലാണ് സംഭവം.
‘ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026’ന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായി മോദി എത്തുന്നതിന് മുന്നോടിയായി തിങ്കളാഴ്ച രാത്രി സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസ് ഡ്രിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് പേരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്.
ചോദ്യം ചെയ്യലിൽ 24കാരനായ രോഹൻ പരേഖ് താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇയാളുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തു.
തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് അന്വേഷണം മുംബൈ ക്രൈം ബ്രാഞ്ചിന് കൈമാറി. ഇവരുടെ മൊബൈൽ ഫോണുകൾ, തിരിച്ചറിയൽ രേഖകൾ, മറ്റ് വസ്തുക്കൾ എന്നിവ പരിശോധിച്ചുവരികയാണ്. സംഭവത്തിന് പിന്നിലെ ലക്ഷ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
