എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബിജെപിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികളിലുള്ളവരെ അന്വേഷണത്തിന്റെ പേരിൽ വേട്ടയാടി ബിജെപിയിലേക്ക് എത്തിക്കുന്ന ജോലിയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെന്നും സ്വരാജ് വിമർശിച്ചു. പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാനോ കേസിൽ കുടുക്കാനോ ശ്രമിക്കുന്നതിനെ പരിഹസിച്ച അദ്ദേഹം, “പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല” എന്നും പറഞ്ഞു.
ഇഎംഎസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നുവെന്നും അത്തരം രാഷ്ട്രീയ ആരോപണങ്ങളുടെ ചരിത്രം കേരളത്തിനുണ്ടെന്നും സ്വരാജ് പറഞ്ഞു.
ഇഡിയുടെ നടപടികൾ കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ കെൽപ്പില്ലാത്ത കള്ളക്കേസുകളാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സ്വരാജ് വ്യക്തമാക്കി.
അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും അവയെ പൂർണമായും പുച്ഛിച്ച് തള്ളുമെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.
