മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതാപരമല്ലെന്ന് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വ്യക്തമായ രേഖകൾ ലഭ്യമായിട്ടും മുഖ്യമന്ത്രി ഇത്തരത്തിൽ കാര്യങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെ പുറത്തുവിടണമെന്നും പിണറായി ആവശ്യപ്പെട്ടു.
കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റ് മന്ത്രിമാർക്ക് 25 പേരോ അതിൽ താഴെയോ ആയിരുന്നു പേഴ്സണൽ സ്റ്റാഫുണ്ടായിരുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. അഞ്ച് വർഷത്തെ ഭരണകാലയളവിൽ നാല് മന്ത്രിമാർ മാറി പുതിയ മന്ത്രിമാർ ചുമതലയേറ്റിരുന്നു. ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർക്ക് പകരം പുതിയ മന്ത്രിമാർ ചുമതലയേറ്റ സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സജി ചെറിയാൻ രാജിവെച്ച് പിന്നീട് വീണ്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോഴും ആകെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ആകെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 500ൽ താഴെയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ രേഖകൾ നിലവിലുണ്ടായിരിക്കെ 787 പേരെന്ന കണക്ക് മുഖ്യമന്ത്രി എവിടെനിന്നാണ് ലഭിച്ചതെന്ന് പിണറായി ചോദിച്ചു. 787 പേരുടെ പട്ടിക മുഖ്യമന്ത്രി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
