ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഇതുവരെ പ്രഖ്യാപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ. ഇതിന്റെ ഭാഗമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത യൂത്ത് ലീഗ് സമാപന സമ്മേളനത്തിൽ നിന്ന് മുനീർ വിട്ടുനിന്നതായാണ് വിവരം.
കോഴിക്കോട് നടന്ന യൂത്ത് ലീഗ് പരിപാടിയിൽ മുനീറിന്റെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രഖ്യാപനം വീണ്ടും നീണ്ടതോടെയാണ് അദ്ദേഹത്തിന്റെ അതൃപ്തി പരസ്യമായതെന്നാണ് സൂചന.
മുസ്ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. തുടർന്ന് അദ്ദേഹത്തിന് കാബിനറ്റ് പദവിക്ക് സമാനമായ ഒരു ഭരണപരമായ ചുമതല നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും മുസ്ലിം ലീഗ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുൻകാലങ്ങളിൽ വി.എം. സുധീരന്റെ പേരും പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ ആ പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
നിയമന പ്രഖ്യാപനം വീണ്ടും വൈകിയ സാഹചര്യത്തിൽ മുസ്ലിം ലീഗിനുള്ളിൽ അസന്തോഷം ശക്തമാകുന്നുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. വിഷയത്തിൽ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
