അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തിയ മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി.
സെപ്റ്റംബർ 17ന് രാത്രി ശിക്ഷാവിധിക്ക് പിന്നാലെയാണ് തച്ചങ്കരിയെ ജയിലിലെത്തിച്ചത്. സെപ്റ്റംബർ 18ന് രാവിലെ ജയിൽ ഡോക്ടർ പരിശോധന നടത്തും. ജയിലിലെ ആശുപത്രിയിൽ തന്നെ ചികിത്സ മതിയോ, ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റണമോയെന്ന കാര്യത്തിൽ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനം.
നിലവിൽ തച്ചങ്കരിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജയിൽവൃത്തങ്ങൾ അറിയിക്കുന്നത്. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെന്നും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു.
