പാർട്ടി വിട്ടത് നിൽക്കാൻ കൊള്ളാത്ത പാർട്ടി ആയതിനാൽ; കേരളത്തിലെ റോഡുകൾ ഞാൻ മന്ത്രി ആയിരുന്നപ്പോൾ പണിതത്: ജി. സുധാകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കാനല്ല താൻ പാർട്ടി വിട്ടതെന്ന് ജി. സുധാകരൻ. ഇന്നത്തെ പാർട്ടി തങ്ങൾ വളർന്നുവന്ന പാർട്ടിയല്ലെന്നും നിൽക്കാൻ കൊള്ളാത്ത അവസ്ഥയായതിനാലാണ് പാർട്ടി വിട്ടതെന്നും സുധാകരൻ പറഞ്ഞു.

കേരളത്തിലെ റോഡുകൾ ദൈവം കൊണ്ടുവന്നതല്ലെന്നും താൻ മന്ത്രിയായിരുന്ന കാലത്ത് പണിതതാണെന്നും അദ്ദേഹം പറഞ്ഞു. ആരോടാണ് എന്താണ് സംസാരിക്കുന്നതെന്ന് എം.എ. ബേബിക്ക് അറിയില്ലെന്നും സുധാകരൻ വിമർശിച്ചു. തന്റെ പിതാവിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ‘എനിക്ക് ഒരു അച്ഛനേയുള്ളൂ’ എന്നായിരുന്നു സുധാകരന്റെ പരാമർശം.

പിണറായി വിജയനെതിരായ ഇ.ഡി കേസിൽ അദ്ദേഹത്തെ കല്ലെറിയാനില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അതേ മര്യാദ തന്നോട് കാണിച്ചിട്ടില്ലെന്നും ഇ.ഡിയെ തള്ളിപ്പറയാനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും സുധാകരൻ പറഞ്ഞു.

റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്ഡിലും സുധാകരൻ പ്രതികരിച്ചു. കൊള്ളയും അഴിമതിയും നടത്തിയതിനാലാണ് റെയ്ഡ് നടത്തിയതെന്നും അതിൽ തനിക്ക് സന്തോഷമോ ദുഃഖമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാകരൻ സിപിഎം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പാർട്ടി അംഗത്വവും രാഷ്ട്രീയ നിലപാടുകളും ചർച്ചയായിരുന്നു. 2026 മാർച്ചിൽ പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക