സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ശുപാർശയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനും കോടതിയിൽ തിരിച്ചടിയേറ്റു. പ്രാഥമിക അന്വേഷണം നടത്തിയശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ, അതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇഡി ശുപാർശയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഇഡി കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഇതിനു പിന്നിൽ ഒത്തുകളിയുണ്ടെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഇഡിയുടെ റിപ്പോർട്ടിലും കൈമാറിയ രേഖകളിലും വ്യക്തമായ തെളിവുകളുള്ളതിനാൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിലൂടെ കൈമാറിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. തെളിവുകൾ കൈമാറുന്നതിന് മുമ്പ് തന്നെ പ്രാഥമിക പരിശോധന നടത്തിയതാണെന്നും വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും ഇഡി വാദിച്ചു. പ്രാഥമിക അന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞതായും ഏജൻസി കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ഡയറിക്കുറിപ്പിന്റെ മാത്രം അടിസ്ഥാനത്തിൽ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, മൊഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തെളിവായില്ലേയെന്ന് കോടതി ചോദിച്ചു. പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സർക്കാർ നിലപാട് അംഗീകരിക്കാതെയാണ് ഹൈക്കോടതി നേരിട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ നിർദേശിച്ചത്.

മറുപടി രേഖപ്പെടുത്തുക