സഞ്ജു സാംസൺ തുടർച്ചയായി ചെറിയ സ്കോറുകളിൽ പുറത്തായതിനെ തുടർന്ന് ഉയരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര രംഗത്ത്. ഒന്നോ രണ്ടോ മോശം മത്സരങ്ങളുടെ പേരിൽ സഞ്ജുവിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും താരത്തിന് ടീം മാനേജ്മെന്റിന്റെ പൂർണ പിന്തുണയാണ് ആവശ്യമെന്നും പൂജാര പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20യിൽ ഒൻപത് റൺസിനാണ് സഞ്ജു പുറത്തായത്. ഇതിന് മുമ്പ് ഏഷ്യൻ ഗെയിംസിലെ സെമി ഫൈനലിലും ഫൈനലിലും ഏഴ്, രണ്ട് റൺസ് വീതമാണ് താരം നേടിയത്. ഇതോടെയാണ് സഞ്ജുവിനെതിരെ വീണ്ടും വിമർശനം ശക്തമായത്.
ടി20യിൽ ഒന്നോ രണ്ടോ മോശം ഇന്നിങ്സുകൾ സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളിൽ താരത്തിന് ആത്മവിശ്വാസം നൽകുകയാണ് മാനേജ്മെന്റ് ചെയ്യേണ്ടതെന്നും പൂജാര വ്യക്തമാക്കി. യുവതാരം വൈഭവ് സൂര്യവംശി ടീമിലുണ്ടെങ്കിലും അതിന്റെ പേരിൽ സഞ്ജുവിനെ മാറ്റാനുള്ള നീക്കം പെട്ടെന്ന് നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു രണ്ടോ മൂന്നോ ഇന്നിങ്സുകൾക്കുള്ളിൽ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പൂജാര വ്യക്തമാക്കി. ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമായതിനാൽ പ്ലെയിങ് ഇലവനിലെ സഞ്ജുവിന്റെ സ്ഥാനത്തെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉയർത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
